Nedumkandam · Eparchy of Idukki നെടുങ്കണ്ടം · ഇടുക്കി രൂപത

CMC Carmel Sadan, Nedumkandam

സി.എം.സി കാർമൽ സദൻ, നെടുങ്കണ്ടം

പരിശുദ്ധ കർമ്മല നാഥയുടെ നാമത്തിൽ 1866 ഫെബ്രുവരി 13-ന് കേരള മണ്ണിൽ ജന്മമെടുത്ത സി.എം.സി (Congregation of the Mother of Carmel) സന്യാസിനി സമൂഹം നാലുപേരുമായി ആരംഭിച്ച ഒരു കൊച്ചു കൂട്ടായ്മയായിരുന്നു. അന്ന് വിതച്ച ആ കൊച്ചു വിത്ത് ഇന്ന് വളർന്നു പന്തലിച്ച്, ആത്മവിശുദ്ധിയും ആത്മാക്കളുടെ രക്ഷയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു വലിയ പ്രേഷിത പ്രസ്ഥാനമായി മാറിയിരിക്കുന്നു. ദൈവജനത്തിന്റെ ക്രിസ്തീയ രൂപീകരണം ലക്ഷ്യംവെച്ച് മുന്നേറുന്ന ഈ സമൂഹം വിദ്യാഭ്യാസം, സാമൂഹ്യപ്രവർത്തനം, ആതുരസേവനം, വിശ്വാസരൂപീകരണം എന്നിവയിലൂടെ ജനങ്ങളെ ദൈവാനുഭവത്തിലേക്ക് നയിക്കുന്നു.

ഇടുക്കി രൂപതയിൽ ദൈവജനത്തിന്റെ സമഗ്രമായ നന്മയ്ക്കായി പ്രവർത്തിക്കുന്ന സി.എം.സി കാർമൽ ഗിരി പ്രൊവിൻസിലെ 25 ഭവനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് നെടുങ്കണ്ടം കാർമൽ സദൻ. 2005-ലാണ് സി.എം.സി സിസ്റ്റേഴ്സ് നെടുങ്കണ്ടത്ത് എത്തി പ്രേഷിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സഭാത്മകമായ വിവിധ ശുശ്രൂഷകളിൽ പങ്കാളികളാകുന്നതിനോടൊപ്പം കുടുംബക്കൂട്ടായ്മ, ഭവനസന്ദർശനം, മതബോധനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്താൻ സിസ്റ്റേഴ്സിന് സാധിക്കുന്നുണ്ട്.

കാർമൽ സദന്റെ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ മറ്റൊരു മേഖലയാണ് ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന സിയോൺ ചാരിറ്റബിൾ സൊസൈറ്റി. സമകാലിക സമൂഹത്തിന്റെ വിഭിന്നങ്ങളായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് തികച്ചും മാതൃകാപരമായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്ന കൗൺസിലിംഗ് സേവനങ്ങൾ, നെടുങ്കണ്ടം ജനമൈത്രി പോലീസ് സ്റ്റേഷനുമായി സഹകരിച്ചുള്ള കൗൺസിലിംഗ് പ്രവർത്തനങ്ങൾ, സ്ത്രീകളുടെ സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന സ്വയംസഹായ സംഘങ്ങൾ (SHG), ബോധവൽക്കരണ ക്ലാസുകൾ എന്നിവ സൊസൈറ്റിയുടെ മുഖമുദ്രയാണ്.

കൂടാതെ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഗ്രൂപ്പുകൾ, വലിയ കുടുംബങ്ങൾക്ക് നൽകുന്ന പ്രത്യേക സഹായങ്ങൾ, യുവാക്കൾക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന സാരഥി, കിഡ്സ് ഗ്രൂപ്പുകൾ, അതുപോലെ അനാഥരും നിരാശ്രയരുമായവർക്ക് ആശ്വാസമേകുന്ന നൈറ്റ് ഷെൽട്ടർ എന്നിവയിലൂടെ വലിയൊരു വിഭാഗം ജനങ്ങൾക്ക് താങ്ങും തണലുമായി മാറുവാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ദൈവജനത്തിന്റെ, വിശിഷ്യാ സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് പകർന്നു നൽകിയ അതേ പ്രേഷിത ചൈതന്യവും ദർശനവും നെഞ്ചിലേറ്റിക്കൊണ്ടാണ് സി.എം.സി സിസ്റ്റേഴ്സ് ഈ നാടിന്റെ സേവനവഴിയിൽ മുന്നേറുന്നത്.